അധിനിവേശപ്പുറങ്ങൾ – Delhi Poetry Slam

അധിനിവേശപ്പുറങ്ങൾ

Yamuna Hareesh

 
 അടവെച്ച കിനാക്കളുടെ 
 ചിതൽപുറ്റുയർന്നതിലെഴുതാത്ത കവിതയുടെ വരികളിഴയുന്നു.
 അതിരിൽ ഒളിച്ചിരിക്കുന്ന കടച്ചകളുടെ, 
 മുൾക്കവചങ്ങളിൽ, 
 തോലുരഞ്ഞ്, നിണമൂർന്ന നിനവുകൾ; 
 മണ്ണിരയെപ്പോലെ, അലസമിഴയുന്ന 
 മഹാമൗനങ്ങൾ:
 അഗ്നിത്തുടിപ്പുകൾ, ജ്വലനപാതയിൽ ആടിയുലഞ്ഞണയവേ
 രാത്രികൾ മൂപ്പെത്തി, 
 ഇരുട്ടു കനക്കുന്ന താഴ്വരയോരങ്ങൾ;
 മറുവഴിയറിയാതെ,
 ഊരുചുറ്റാൻ മറന്നൊരു, 
 കാറ്റ് നിൽപ്പാണ്. 
 ഏകാന്തതയുടെ, അധിനിവേശപ്പുറങ്ങളിൽ,
 അഷ്ദിക്കുകൾ സാക്ഷിയായി-
 ക്കൊത്തിയൊരുക്കാത്ത സ്മാരകശിലകൾ 
 തിരകൾ വാശിയോടെ കിതച്ചെത്തുന്ന തീരങ്ങൾ,
 പതച്ചാർത്ത് ചിരിയുതിർക്കുന്നു.
 പാറക്കെട്ടിൽ, തലതല്ലിക്കരഞ്ഞും, പറഞ്ഞും.
 പരിഭവങ്ങൾ, ചെറു പിണക്കത്തിരകൾ:
 വിടർത്തിയ പുസ്തകം പോലൊരു പെരുംചിറക്,
 നീട്ടിയെറിഞ്ഞ ദൃഷ്ടികളാൽ, 
 കഥമൊഴിഞ്ഞൊരു കരിമ്പരുന്ത് 
 കൊതിയുറവകളെ നോക്കി, 
 ഗതിമാറുന്ന ഉഷ്ണരാശി പ്രവാഹങ്ങൾ 
 മാനം മുത്താൻ മോഹിച്ച്,
 വാലുകളനക്കിയൊരു, വർണ്ണപ്പട്ടക്കുതിപ്പ്.
 വേഗമാത്രകളിലിടറാതെ 
 കാലത്തിനൊപ്പം കുതിപ്പാണ്;
 ഇടവേള കിതപ്പാണ് നമ്മൾ
 ഇരുട്ടിനെ തുളച്ചുപാഞ്ഞ്,
 ഒറ്റയാണെന്ന സത്യപ്പുലരിയായ് വിടരുവാൻ 
 നടന്നുകയറിയവൾ
 വെളിച്ചമാണവൾ.
 
 


Leave a comment