By Vishnu Das B
ശ്രീ ബുദ്ധാ നിന്നിരുപ്പ് ഒന്ന് കണ്ടാൽ മതി
ഏവനും സ്തബ്ധ മാനസ്സനായ് നിന്നു പോകും.
എത്ര ശാന്തനായ് , പ്രസന്നനായ് , ചലനരഹിതനായിട്ടിരിപ്പൂ നീ
ഒരു നിശ്ശബ്ദത തളം കെട്ടികിടപ്പൂ - നിൻ ചുറ്റിലും.
ഒരു മൗനിയായിട്ടിരുന്നു നയിച്ചതീ ലോകത്തെ
അഹിംസതൻ സംസ്കാരപാഠം പകർന്നു നീ
എന്തായിരുന്നു അരച നിൻ ചിന്തയിൽ
അന്നാ വൃക്ഷച്ചുവട്ടിൽ ധ്യാനത്തിൽ ഇരിക്കവേ
ബന്ധു ജനങ്ങളെ വിട്ടിറങ്ങി നീ അന്ന്
ആ രമ്യഹർമ്മ്യത്തിൽ പ്രശോഭയിൽ നിന്നും ആത്മിയതയ്ക്കൊരു
നവ നിർവ്വചന മേകി -
പിറന്നു സിദ്ധാർത്ഥനിൽ നിന്നും
ബോധദീപ്തിയാൽ ബുദ്ധദേവനും
എപ്രകാരം നിനക്കു സാധിച്ചൂ ?
പരിത്യജിക്കുവാൻ നിന്റെ സുഖങ്ങളെ
എനിക്കൊരിക്കലും ആകില്ല എൻ പ്രഭോ i
വിട്ടു കളയുവാൻ കൈവന്ന സൗഭാഗ്യം.
ദുഃഖഹേതു വീ ആഗ്രഹമാണെന്ന
വിശ്വതത്വം പറഞ്ഞു തന്നീശ്വരൻ
മറക്കുകില്ലഞാൻ മരിക്കുവോളവും
തികഞ്ഞ ത്യാഗത്തിൻ ഉത്തമ മാതൃക
ഇടറി വീണൊരാ മനസ്സുകൾക്കന്ന്
പിടിച്ചു കയറുവാൻ ചരടായി നിൻ വാക്കുകൾ
ജനപ്രവാഹം ഒഴുകിനിൻ ചുറ്റിലും
തെളിഞ്ഞ നീരിനെ കവർന്നെടു
ക്കുവാൻ.
നിൻ മൂകതയ്ക്കൊരായിരം സാരങ്ങളുണ്ടെന്ന്
ഒരു മൗര്യരാജൻ ഉറക്കെ മന്ത്രിച്ചു
ആയുധങ്ങളും യുദ്ധങ്ങളും മേലിൽ വേണ്ടന്നു വെച്ചൊരാ
ദേവനാം പ്രിയൻ , പ്രിയദർശി അശോക രാജൻ.
ഭാരതപുത്രന്റെ ഖ്യാതിയിന്നാ
കടലുകൾ ഏഴും കടന്ന് പോയി
ലങ്കയും ജപ്പാനുമാ തായിലാന്റും
ചീനൻമാരൊത്ത സമൂഹമെല്ലാം
വാഴ്ത്തുന്നു കേൾക്കുന്നു
നിൻ വചനം
അയൽക്കാർ അത്ഭുതം കൂറിടുന്നു
എന്തേ പിറന്നീല ഈ മഹാത്മൻ
തന്റെ രാഷ്ട്രത്തിൻവെളിച്ചമായി
എവിടെയോ മറവിയിൽ തള്ളിയോ നാം
ആ മഹാത്യാഗിതൻ ചൊല്ലുകളെ
ഏതു മതത്തിലൊ ആയിടട്ടെ - ആരിന്നു നൻമകൾ ചൊല്ലിയാലും
കൂടെക്കരുതണം കൂട്ടിനായി
ഭാരത മാതാവിൻ മകുടത്തിലെ
ക്കല്ലാണു നീ.....
നിന്നൊളി അണയാതിരിക്കട്ടെ
എന്നുമേ
വരുമോ ഇനിയുമൊരുവൻ
ഈ ലോകത്തിൻ വെളിച്ചമായ്
മൗനത്താൽ ഈ ലോകത്തെ നയിക്കുവാൻ
പരിത്യാഗത്തിൻ കഥയിതു തുടരുന്നു
നിന്നിലും പിൻമുറക്കാരിലും.
മൗനമേ ..... നീ വരിക എന്നിലേക്കും
ഈ മണ്ണിലേക്കുമൊരിക്കൽ കൂടി ,
ഞങ്ങളെ നയിക്കുവാൻ .....
വീണ്ടും ഞങ്ങളെ നയിക്കുവാൻ
വിഷ്ണുദാസ് ഓച്ചിറ