വൃക്ഷം – Delhi Poetry Slam

വൃക്ഷം

By Sudarshankumar Vadasserikkara

ഇലകൊഴിഞ്ഞ ശിഖരമാണു ഞാൻ
ജലകണങ്ങൾ കനവുകണ്ടുയർന്ന കൂപ്പുകൈകൾ ഞാൻ  
ജലധരങ്ങൾ കനിയുമെന്നസാധ്യമാം പ്രതീക്ഷ ഞാൻ  
ഇലകൊഴിഞ്ഞ വൃക്ഷമാണു ഞാൻ

ഇല തളിർത്ത  ശിഖകളാൽ തലകുലുക്കിനിന്നവൻ 
ജലദമേഘമാലയെത്തടഞ്ഞ കൈക്കരുത്തു ഞാൻ
ജലാടനങ്ങൾ പാറിവന്നു വിശ്രമിച്ച തണലു ഞാൻ 
ജലേന്ദ്രസന്നിധങ്ങളായ വേരറക്കരുത്തു ഞാൻ 

വസന്തഘോഷികൾ വിരുന്നുവന്ന രാജധാനി ഞാൻ
വസന്തഭൈരവിക്കു വസതിയായ രാഗധാനി ഞാൻ
വസന്തബന്ധു രാസലീലയാടുവാൻ കൊതിച്ചിടം 
വസുന്ധരയ്ക്കു പട്ടുകഞ്ചുകം ചമച്ചൊരൂതി ഞാൻ

ശ്വസിക്കുവാനുടുക്കുവാൻ ക്ഷുത്പിപാസ മാറ്റുവാൻ
വസിക്കുവാനിടം കൊടുത്ത ലോകബന്ധുവാണ് ഞാൻ
അസ്തകം വരിക്കുവാൻ മഹർഷിമാർക്കു രക്ഷ ഞാൻ 
അസൂക്ഷണം ദുരാർത്തചിത്തശത്രുവായ സാധു ഞാൻ 

ശ്വസിക്കുവാനുടുക്കുവാൻ പചിക്കുവാനശിക്കുവാൻ
ശിഥിലമായ ശിഖകളിൽ ഇലകൊഴിഞ്ഞ മാമരം
ശീതജലമയത്തിനായി വേരുകൾ തപിച്ചു ഞാൻ
ശിഥിലചിത്തചാതകം കണക്കെ കേണിടുന്നിതാ  

പാൽകൊടുത്ത കൈകളെ കടിക്കുവോർക്കുമെന്തിനി,
പാരിലാശ്രയം? ഇരുന്ന കൊമ്പുതന്നെ വെട്ടുകിൽ?
പേരിലേ മനുഷ്യനുള്ളു; ഉള്ളിലുള്ള മൂർഖത 
പോരിലേക്കു നിന്നെയും നയിക്കുമന്നു തീർന്നിടും!

മാമരങ്ങളാണ് നിന്റെ ശ്വാസകോശമോർക്കണം 
മണ്ണിനും മരുത്തുകൾക്കുമേകമായൊരാശ്രയം  
മാനസത്തിലിന്നുതന്നെ നട്ടു നീ നനയ്ക്കണം
മാമരങ്ങളെ, നിനക്ക് നല്ലബുദ്ധിയേകുവാൻ 

അശോകവനികയിലന്നു ശിംശിപാവൃക്ഷമായി ഞാൻ
ഗൗതമന്നന്നുബോധിയായീ ശകുന്തളയ്ക്കന്നു  മുല്ലയായ്
"ഊർദ്ധ്വമൂലമധഃശാഖം അശ്വത്ഥം പ്രാഹുരവ്യയം
ഛന്ദാംസി യസ്യ പർണ്ണാനി യസ്തം വേദ സ വേദവിത്" ***

ഇല പുനർജനിക്കുമെന്നോരിനിയ സ്വപ്നമാണ് ഞാൻ   
ജലകണങ്ങൾ കനവുകണ്ടുയർന്ന കൂപ്പുകൈകൾ ഞാൻ  
ജലധരങ്ങൾ കനിയുമെന്ന സാധ്യമാം പ്രതീക്ഷ ഞാൻ  
തലമുറയ്ക്കുവേണ്ടി ജീവിതം നയിച്ച സത്ത ഞാൻ


Leave a comment