By Jeeva Thomas
പുലർകാല തൊടിയിലെ കിളിപ്പാട്ടിനൊപ്പം
മറിക്കുന്ന പത്രത്താളിൻ മൃദുമർമ്മരം
ചായക്കപ്പിലെ ചുരുൾ ചൂടാവിയൊതുങ്ങുമ്പോൾ
കണി കാണുമെന്നും അച്ഛന്റെ പുഞ്ചിരി ...
അതിൽ നിറഞ്ഞിരുന്നു ഈ ശൈശവമനസ്സിൽ
അവർണ്ണനീയമാം ഒരു കരുതലിൻ തണൽ
.. അച്ഛനവിടെയുണ്ട്
ചെറുചൂടിൽ വിളമ്പിയ കഞ്ഞിയും പുഴുക്കും
തിരക്കിട്ടു കഴിക്കുന്ന അച്ഛന്റെ കിണ്ണത്തിൽ
ചാരെ നിന്ന് കൊച്ചു വിരലിട്ടിളക്കുമ്പോൾ
ആയെന്ന മാത്രചൊല്ലി കുഞ്ഞു വായിലേക്കൊരുപിടി ...
അതിൽ നിറഞ്ഞിരുന്നു ഈ ബാല്യമനസ്സിൽ
അവർണ്ണനീയമാം ഒരു കരുതലിൻ തണൽ
.. അച്ഛനവിടെയുണ്ട്
മതിഭ്രമമഴിഞ്ഞാടുമാ കലുഷിത പ്രായത്തിൽ
തുറന്നിട്ടുവച്ഛൻ പുസ്തക ജാലകച്ചില്ലുകൾ
പ്രണയിച്ചു ഭ്രാന്തമായി ആ സങ്കല്പലോകങ്ങൾ
അൽപ്പമകലെയായി നിന്നച്ഛൻ മൗനഗംഭീരമായി …
അതിൽ നിറഞ്ഞിരുന്നു ഈ കൗമാരമനസ്സിൽ
അവർണ്ണനീയമാം ഒരു കരുതലിൻ തണൽ
.. അച്ഛനവിടെയുണ്ട്
പറക്കമുറ്റേയ് കണ്ട ദേശാന്തരക്കാഴ്ചകൾ
നിമിഷാർദ്ധം മാറുന്ന സൗഹാർദ്ദ ബന്ധങ്ങൾ
ജീവിതപന്ഥാവിൽ തോറ്റെന്നോർത്തു കിതച്ചപ്പോൾ
വഴിയിനിയുമെത്രയോ ഏറെയെന്നു ചൂണ്ടിയന്നച്ഛൻ ...
അതിൽ നിറഞ്ഞിരുന്നു ഈ യൗവനമനസ്സിൽ
അവർണ്ണനീയമാം ഒരു കരുതലിൻ തണൽ
.. അച്ഛനവിടെയുണ്ട്
പുതു ബന്ധങ്ങൾ വള്ളിപടർപ്പുകൾ തീർത്തു
പ്രാരാബ്ധകെട്ടുകൾ സുഖദുഃഖ നിഴലുകൾ
കൊച്ചുമക്കളിൽ കാണുന്നു അസ്തിത്വമച്ഛൻ
കിനിയുന്നവർക്കായി സ്നേഹവും വേവലും ...
അതിൽ നിറഞ്ഞിരുന്നു ഈ മധ്യപ്രായമനസ്സിൽ
അവർണ്ണനീയമാം ഒരു കരുതലിൻ തണൽ
.. അച്ഛനവിടെയുണ്ട്
കാലചക്ക്രമുരുളുന്നു അതിശീഘ്രമിതെങ്ങോ
കാലബോധം വരുത്തുന്നു ജരാനരകളെന്നിൽ
നേടുവാൻ ഇനിയുമുണ്ടെന്നു മനസ്സ് മന്ത്രിക്കുമ്പോൾ
മതി കുഞ്ഞേ, ഇരിക്കെന്റെകൂടെയൽപ്പം എന്നാദ്യമായി ....
അതിൽ നിറയുന്നു എന്റെയീ മരവിച്ച മനസ്സിൽ
അവർണ്ണനീയമാം ഒരു അഗാധ സങ്കടക്കടൽ
.. അച്ഛനായി ഞാൻ ഇവിടെയുണ്ട്