By Gayathri PV
മനസ്സൊരു മായാ മന്ദിരമോ
മർത്യ മനസ്സൊരു മായാ മന്ദിരമോ
ഇന്ദ്രിയങ്ങൾ പത്തു ദിക്കുകൾ കാക്കുന്ന ദ്വാരപാലൻമാരുമാകുന്നുവോ
മണ്ണിലെ മാറുന്ന ഭാവങ്ങൾ പലതാം
ചിത്രം വരയ്ക്കും ചുമരുകളും
ഉള്ളിലെ അഹമാം പൂജാബിംബത്തിൽ
പുഷ്പങ്ങളർപിക്കും മോഹങ്ങളും
നോവുകളഭിഷേക ജലകണം തൂവുമ്പോൾ
മാറാതെ മാറും പകലിരവും
ഇലകൾ കൊഴിഞ്ഞു മറഞ്ഞ പ്രദക്ഷിണ വഴികളിൽ തെളിയും പല മുഖങ്ങൾ
ദീപം കൊളുത്തും കെടുത്തും ചിലർ
കാലം കോലങ്ങൾ കെട്ടി കളിയാടിടും
മൗനം പൊഴിക്കും മണിനാദവും പിന്നെ
മൂകമായ് സോപാന സംഗീതവും
ദേവനുമസുരനും നന്മയും തിന്മയും തീരാതെ പോരാടും പോർഭൂമിയിൽ
ചില നേരം കനിവിൻ്റെ കാർമേഘം പെയ്യുന്നു
ശുഷ്കമായ് പൊള്ളുന്നു മറ്റൊരിക്കൽ
ഭാവങ്ങൾ നാടകമാടുന്ന വേദിയിൽ
പ്രജ്ഞയും താളം മറന്നു നിന്നോ
*ചിന്തകൾ മാറാല കൂട്ടുന്ന മച്ചിലൊ
രമ്പലപ്രാവു മയങ്ങുന്നുവോ
മറ്റൊരു പ്രാവോ ഉണർവിന്നുണർവായ്
സാക്ഷിയായി മൂകം വിളങ്ങുന്നുവോ
അടിക്കുറിപ്പ്:
മുണ്ഡകോപനിഷത്തിൽ നിന്നുള്ള “ദ്വാ സുപർണാ...” എന്ന ശ്ലോകത്തെ ആധാരമാക്കുന്നു — ഒരേ മരത്തിൽ ഇരിക്കുന്ന രണ്ട് പക്ഷികൾ: അനുഭവിക്കുന്ന ജീവാത്മാവ്, സാക്ഷിയായ ബ്രഹ്മം. അദ്വൈത വേദാന്തത്തിലെ ആഴമുള്ള ഉപമ.