By Christy Joseph
മരുന്നിന്റെ മണവും,
മുറിഞ്ഞു പോയ ഉറക്കവും,
തള്ളി നീക്കുന്ന രാത്രികളും,
ഇറങ്ങി പോകാനുള്ള തിടുക്കവും
മടുപ്പിന്റെ നെല്ലിപലകകളും
അക്ഷരങ്ങളറിഞ്ഞിട്ടും
വായിക്കാനറിയാത്ത വാക്കുകളെപ്പോലെ
അത്രയേറെ അടുത്തറിഞ്ഞിട്ടും
തിരിച്ചറിയാൻ പറ്റാത്ത രോഗിയും
വാശിയുള്ള രോഗത്തോളം
വാശിയുമായി നിങ്ങളെ ദേഷ്യപ്പെടുത്തിയിട്ടില്ലേ..?
സ്നേഹമായിരുന്നോ കൂട്ടിരുന്നത്,
അതോ കടമയുടെ കൂട്ടിലായിരുന്നോ..?
കൂട്ടിരുന്ന് ഉള്ളറിഞ്ഞ് ഒരുമിച്ചിറങ്ങുമ്പോൾ
ഉള്ളിലെ കുഞ്ഞു കൂട്ട്
ഒരിക്കൽ കൂടി മനം നിറച്ചിട്ടില്ലേ..?