By Anuradha Anoop
അടുക്കളയുടെ അരണ്ട വെളിച്ചത്തിൽ ,
അമ്മയുടെ കനവ്,
പാതിയും വെന്തിരുന്നു ..
വെളിച്ചം അന്യം ചെന്ന -
അടുക്കള കോണിൽ,
പുകക്കുഴൽ കീഴിൽ,
അമ്മ, കനവൂതി പഴുപ്പിച്ചിരുന്നു …
മട്ട അരി കൊയ്തെടുത്തു -
പാറ്റി ഉണക്കി വെന്ത ചോറിനൊപ്പം ,
ഉരുള ഉരുട്ടി കഴിക്കവേ ,
മുഷ്ടി ചുരുട്ടി ,
കണ്ണു പൊട്ടാൻ പാകത്തിനടിച്ചിരുന്നു,
ഭ്രാന്തനച്ചൻ !
ചോറിനു വേവില്ലാഞ്ഞിട്ടല്ല ,
കറിക്ക് രുചിയില്ലാഞ്ഞിട്ടല്ല ,
ചാറിന് നീളമില്ല പോലും!
കനവിനെക്കുറിച്ചോർക്കാൻ ,
അമ്മക്ക് നേരമില്ലായിരുന്നു …
ഇരുള് വീഴുമ്പോൾ ,
ഭീകര സത്വമായിരുന്നു ,
പകൽ മാന്യൻ,
ദുഷ്ട കണ്ണുരുട്ടി പാത്രങ്ങൾ ,
എറിഞ്ഞുടച്ചു ..
ജന വാതിലുകൾ കൊട്ടിയടച്ചു -
ശബ്ദം പുറത്തേക്ക് പോകാതെ,
ഓരോ പഴുതും താഴിട്ടു പൂട്ടി ..
ആരുമില്ലെന്നും ആരും വരില്ലെന്നും ,
ഉറപ്പ് വരുത്തി,
അടിയും ഇടിയും ഘോഷവും
പതിവാക്കി..
ഇനി അമ്മയെപ്പോഴാണ്
കനവ് കാണുക ?
രാത്രിയിൽ മക്കൾ,
അമ്മയ്ക്ക് കാവലിരുന്നു..
അടി വയറ്റിലെ തോഴിയോ,
നെഞ്ചിൻ കൂട്ടിലെ ഇടിയോ,
അവർക്ക് പുത്തരിയല്ലെങ്കിലും,
ചീർത്തു വീർത്ത അമ്മയുടെ കണ്ണുകൾ ,
അവരെ വേദനിപ്പിച്ചു…
അമ്മ, തന്റെ കനവ്,
മക്കൾക്ക് പകുത്തു നൽകി .
സ്വപ്നം കാണാൻ പോലും
സ്വാതന്ത്ര്യം ഇല്ലാത്ത കുട്ടിക്കാലത്ത്
മുല്ലപ്പൂ മണമേൽക്കാൻ കൊതിച്ചൊരു
പാവാടക്കാരി പെണ്ണിന്
കുത്ത് വാക്ക് മാത്രം സ്വന്തം
കൂട്ട് കുടുംബത്തിൽ..
ഏറെ പഠിക്കാൻ കൊതിച്ചിട്ടും,
ഒമ്പതാം ക്ലാസ്സിൽ കളികൂട്ടുകാരിയുടെ ,
കുഞ്ഞനിയൻ കൊണ്ടു വന്ന സൈക്കിൾ
കൊതിമൂത്ത് കാണാൻ പോയതിന്
ഇസ്കൂളിയേക്ക് ഭ്രഷ്ട് കല്പിച്ചു
കൂട്ടുകുടുംബം,
കനവ് കാണാൻ നിനക്കൊരു കണവൻ വരുമെന്നോതി
എത്ര കരഞ്ഞിട്ടും ആരും കനിഞ്ഞില്ല
അമ്മയുടെ സ്കൂൾ കനവിനു അവിടെ വിരാമം
അമ്മ, അച്ഛനെ പൊന്നു പോലെ സ്നേഹിച്ചു
അച്ഛനോ അമ്മയെ അറിഞ്ഞത് പോലുമില്ല
ഒടുവിൽ അമ്മ തന്റെ കനവ്
മക്കൾക്ക് പകർന്നേകി
‘പഠിക്കണം വളരണം കനവ് കാണണം
ജീവിതം തോറ്റു കൊടുക്കാൻ ഉള്ളതല്ല
ജയിച്ചു കാണിക്കാൻ ഉള്ളതാണ് ! ‘