By Akshaya Manikyapuri

ഞാനന്നു പിന്നിട്ട കനൽവഴി നിനക്കറിയില്ല
അതിനാലെന്നെഴുത്തുകളെന്നുമെ
നിനക്കൊരു പുകമറ,
തേടിപ്പിടിക്കാൻ ശ്രമിക്കവെ
കൈവെള്ളയിൽ നിന്നും വാർന്നുപോയ
ജീവിതത്തിൻ നേർക്കാഴ്ച.
വരേണ്ടതില്ല നീയെൻ പിറകെയീ കനൽവഴിയിൽ
എന്നെഴുത്തുകളിലെ പൊരുളിൻ
മറുവശം തേടി.
നിന്റെ നിശ്വാസം പോലുമാ
കനലിനെ വീണ്ടുമെരിക്കുന്നു
അതിൽ നിൻ പാദങ്ങൾ പൊള്ളിടുന്നൂ.
അടുത്തെത്തിയിട്ടും കാണാമറയ -
ത്തേക്കൊളിപ്പിക്കുമീ പുകമറയിൽ
പൊള്ളിയ കാലുമായ് നീ നിന്നിടുന്നൂ
നിൻ സിരകളിലൂടൊഴുകുമാ
രക്തം പോലുമിന്നാ
ചൂടേറ്റ് തിളച്ചു മറിയുന്നൂ.
കണ്ട കാഴ്ചകൾ വിളിച്ചോതിടാൻ
നീ തുറന്ന വാ പിളർന്ന്
രക്തം ചിന്തിടുമ്പോൾ നീയറിയുന്നുവോ
എന്റെ വേദനയിതിലും പതിൻമടങ്ങായിരുന്നെന്ന്.
ഒരു തിരിച്ചുപോക്കല്ലാതെ
നിനക്കിനി വേറെ വഴിയില്ല
ഇനിയും വൈകിയാലെന്നെപ്പോലീ
ചുഴിയിലേക്ക് നിനക്കുമിറങ്ങാം
പിന്നെയൊരു മടക്കം
നിൻ കിനാക്കളിൽ പോലും പൂക്കുകയില്ല...