By ABU THAHIR THEVAKKAL

എഴുത്തുനിർത്തി...!
എഴുതിയ താളിയോലകളിൽ
ഓർമ്മകളുടെ നോവുകൾ-
കലരുന്നു...!
വിധിവിളക്കിന്റെ മങ്ങിയവെട്ടം
നടവരമ്പുകളിൽ കൂരിരുട്ടുകൾ-
വിതക്കുന്നു...!
നരവിതറിയ കൗമാര കളിചിരികൾ
മനസ്സിന്റെ തുലാസ്സുകളിൽ-
ആടിയുലയുന്നു...!
ഹോ...! ആ കാലഘട്ടം
കവിതകളാൽ കളിവഞ്ചിയൊരുക്കിയ
കാലം...!
പ്രണയപ്പങ്കായത്തിൽ കരിവള-
കിലുക്കമേറിയ കാലം...!
ഹാ...! ഉമ്മറപ്പടിയിലെ-
ചാരുകസേരയിൽ കാൽ-
നീട്ടിയിരുന്നതും...
നെടുവീർപ്പിന്റെ ആവികൾ-
പറന്നു...!
പെയ്തൊഴിയുവാൻവെമ്പുന്ന
കണ്ണുനീർ മേഘങ്ങളായ്-
തങ്ങി നിൽക്കുന്നു...!
റാന്തലിൻ തിരിപോലെ
കത്തിയെരിഞ്ഞ ജീവിതകാലം..!
വാടിക്കൊഴിഞ്ഞ വസന്തങ്ങളുടെ
ശവപ്പറമ്പായും തെളിയുന്നു...!
വാക്കുകൾ കടംകൊണ്ട്
വാചാലത നിറച്ചും...!
നോക്കുകൾ തിമിരത്താൽ
മറഞ്ഞും...!
വേദനകളുടെ ചാറ്റലിൽ
തളർന്നുറങ്ങിയും...!
വേരറ്റ ബന്ധങ്ങളാൽ
വേവലാതികൾ പൂണ്ടും..!
വിധിശിഖരങ്ങളിൽ തങ്ങിനിന്ന
കനവുകളുടെ പട്ടമായ്...
വിസ്മൃതികളിൽ പൂണ്ടിറങ്ങിയ-
മോഹത്തേരുകൾ തേടി...!
വയ്യ..! അസ്ഥികൾ തളരുന്നു...!
ഊന്നുവടിയാൽ ഉയർന്ന
ചുളുക്കുവീണ മേനി...
ഇനിയെത്ര കാലം...!
ചാണകത്തറയിലെ തെറുത്തുവെച്ച
കൈതോലപ്പായ...
കണ്ണീരിന്റെ ഉപ്പുകനത്ത
പാതിരാവിന്റെ കൂട്ടുകാരിയായ്-
തലയിണയും...!
എന്തോ... എന്നെ ഉൾവലിക്കുന്നു...!
മണ്ണെണ്ണവിളക്കു തുപ്പിയ
കരിയേറിയ മച്ചകം നോക്കി
മെഴുകുപോലുരുകുന്നൊരു-
ജഡമായി...!
പാതിരാവുകളിൽ കശക്കിയ
പാപഭാരത്തിന്റെ ഭാണ്ഡ-ക്കെട്ടുകളാണോ...?
അതോ...! എങ്ങോ മറഞ്ഞവളുടെ
ഓർമ്മത്തേരുകൾ മുഴക്കിയ-
കുളമ്പടി ശബ്ദമാണോ...?
എനിക്കറിയില്ല...!
വിധിചവിട്ടിത്താഴ്ത്തിയ-
ജീവിതനൗകയായ്...!
ജീവിത സത്യങ്ങളുടെ-
അകത്തട്ടിൽ...!
തുരുമ്പെടുത്ത വാർദ്ധക്ക്യമായ്...!
ഇന്നലകളുടെ പകലുകൾ
മിന്നിമറഞ്ഞ മനസ്സിൽ...
നൊമ്പരങ്ങളുടെ ഇന്നുകളിൽ
തേങ്ങുന്നൊരു ദേഹിയായ്...!