By Viswapoornima
സ്ത്രീ എന്ന സ്വതന്ത്ര രാഷ്ട്രം
അതിർത്തിഗ്രാമങ്ങളിൽ
കനത്ത കാവൽ
ഇംഫാൽ നദിക്കിരുവശവും
സുരക്ഷാസേനയുടെ
നിതാന്ത ജാഗ്രത
മലഞ്ചരിവുകളിൽ
താഴ്‌വരകളിലും
പുനരധിവാസത്തിന്റെ
പുതിയ കാഴ്‌ചകൾ
സിരകളിലിപ്പൊഴും
വംശവെറിയുടെ
വിഭജന രാഷ്ട്രീയത്തിന്റെ
കറുപ്പ് പൂക്കുന്ന കാങ്‌പോക്‌പി
കത്തിക്കരിഞ്ഞ് കറുത്ത്
കനത്ത മണ്ണിലിപ്പൊഴും
ഗോത്രബോധത്തിന്റെ
ലഹരിയൊളിപ്പിച്ച വിത്തുകൾ
പേറുന്ന ചുരാചന്ദ്‌പുർ
ന്യായവും നീതിയും
പ്രത്യയശാസ്ത്ര നാട്യങ്ങളും
കറുത്ത പുകകൊണ്ട് കണ്ണുകെട്ടവേ
ലോകമനസ്സാക്ഷിയുടെ
കുനിഞ്ഞുപോയ തലകളിൽ
നൂൽബന്ധമില്ലാതെ ചവിട്ടിനിൽക്കുന്നു
മാനഭംഗപ്പെട്ട മനുഷ്യാവകാശം
സമാധാന യോഗങ്ങൾ
ദുരിതാശ്വാസ ക്യാമ്പുകൾ
താമസം ഭക്ഷണം സാന്ത്വനം
ജനാധിപത്യത്തിന്റെ
നിശ്ശബ്ദ നയതന്ത്രം
എല്ലാം സാധാരണ നിലയിലേക്ക്
എന്നാൽ... നിലതെറ്റിയ
മനസ്സുമായൊരുവൾ
അവളൊന്നല്ല ഒരായിരമാണ്
ഒരൊറ്റ ഗോത്രമാണ്
ഒരൊറ്റ രാഷ്ട്രമാണ്
ആയുധമില്ലാതെ
പ്രതിരോധമില്ലാതെ
സായുധ സഖ്യങ്ങളില്ലാതെ
കാലദേശഭേദമെന്യേ
ആക്രമിക്കപ്പെടുന്നൊരു
സ്വത്വരാഷ്ട്രം
ഹൃദയത്തിൽ
ചോര പൊടിയുന്നവരോടാണ്
പക്ഷം ചേർന്നല്ലാതെ
ചിന്തിക്കാൻ കഴിയുന്നവരോടാണ്
അവളൊരു സ്വതന്ത്ര രാഷ്ട്രമാണ്
പ്രതിഷേധ റാലികളല്ല...
ലിംഗനീതിയുടെ നിഷ്‌പക്ഷതയുടെ
മാനവികതയുടെ പ്രതിരോധ മാർഗങ്ങൾ
തേടുന്ന ക്ഷേമ രാഷ്ട്രം.
വെട്ടിയും കൊന്നും
തുണിയുരിഞ്ഞും
കീഴടക്കി ആനന്ദിക്കുന്ന
പ്രാകൃത പുരുഷ ഗോത്രബോധമേ‚
കത്തിപ്പടരുന്ന
കലാപഭൂമിയിൽനിന്ന്
അവളൊരു ചെറുതിരി
കത്തിച്ചെടുത്തിട്ടുണ്ട്
ആൺകോയ്‌മയുടെ
എഴുന്നുനിൽക്കുന്ന
അധികാര ലിംഗങ്ങളെ
തീയിട്ട് കരിക്കാൻ,
കരുതിയിരുന്നോളൂ...