പ്രണയത്തിൻ പര്യായം വിരഹമോ ..? – Delhi Poetry Slam

പ്രണയത്തിൻ പര്യായം വിരഹമോ ..?

By Athira Raman 

 

പ്രണയത്തിൻ പര്യായം വിരഹമോ ..?

പറയാൻ പലതും ബാക്കിയാകുന്നൊരീവേളയിൽ
മൗനത്തിൻ മുഖച്ചാർത്തണിഞ്
വാനം ദീർഘമാം ചുടു
നിശ്വാസത്തിൽ ഒളിക്കുന്നതാ,
മാരി പെയ്തൊഴിഞ്ഞ രാത്രി തൻ മൗനഗദ്ഗദങ്ങളെയോ ..?

മിന്നൽ പിളർപ്പിൻ നേരിയ
പ്രകാശത്തിൽ മിന്നി നിൽക്കുമാ
മിഴികളിൽ നിന്നുതിരുന്നതിന്നും
പ്രണയവിരഹമെന്ന് ആരോ കുറിച്ചിട്ട
കുത്തിക്കുറിക്കലുകൾ തൻ
മഷിത്തുള്ളികളോ ..?

കാതോർത്ത് നിൽക്കുന്നൊരാ
ദിനരാത്രങ്ങളിൽ കാതോരം ആരോ
മൂളുന്നതിന്നും വിരഹഗീതങ്ങൾ
തൻ ഈരടി മീട്ടും താളമിഴഞൊരാ
രുദ്ര വീണതൻ ഹൃദയമിടിപിൻ
സ്മൃതികളോ ..?

തലോടി ഉണർത്തുന്നൊരാ
ഇളങ്കാറ്റിൽ വിരഹിണിയാമവൾ
പ്രണയാർദ്രയായ് തേടുന്നതിന്നും പൊഴിഞ്ഞുപോയൊരാ കരലാളനകൾ
തൻ നേർത്ത തൂവൽ
സ്പർശങ്ങളോ ..?

സൗഗന്ധിക പൂക്കൾ തൻ സൗരഭ്യം
പരക്കുന്നൊരീ പൂമരചോട്ടിലായ്
അവൾ കാത്തിരിക്കുന്നതിന്നും
വാസനതൈലത്തിൻമോടികൾ
പൂശാത്തൊരാപോയ കാലത്തിൻ
പ്രേമഗന്ധമോ ..?

മഴത്തുള്ളികൾ നുകരുന്നൊരാ
മൃദുലമാം ചുണ്ടുകൾ
പരസ്യമായ് മൊഴിയുന്നതിന്നും
പരസ്പരം പകർന്നൊരാ
രഹസ്യമാം ചുംബനത്തിൻ,
മധുവൂറും ഒരായിരം
പ്രേമകാവ്യങ്ങളോ ..?

പഞ്ചേന്ദ്രിയങ്ങളാൽ
പൂർണരൂപമാർജിച്ചൊരാ
സ്നേഹ സ്വപ്നമേ ..
ചൊല്ലു നീ മെല്ലെ എന്നോടായ് മാത്രം..
"നീയാം പ്രണയത്തിൻ പര്യായം വിരഹമോ ..?


Leave a comment