By Aneesha. S. R Shamsudeen Rasheeda
"സംഹാര താണ്ഡവം "
ആടിത്തിമിർക്കുകയാണുഭൂമിയിന്ന്
സംഹാരതാണ്ഡവമാടിത്തിമിർക്കയാണ്
താങ്ങിടാനാകാത്ത ദുഃഖഭാരത്താൽ
ധാരധാരയാലൊഴുക്കിടുന്നൂ ചുടുകണ്ണുനീർ!
കാടുനാടായ്തീർത്തീടും മാനവൻ
വയലോലകളൊക്കെയും നികത്തി
അരുവികളൊക്കെയും മലീമസമാക്കി
വൃക്ഷകുലത്തെയൊന്നാകെത്തച്ചുടച്ചു
മരതക വർണത്താൽ വസനംധരിച്ചൊരെൻ
മാതാവിൻ വസനം പിച്ചിച്ചീന്തി യെറിഞ്ഞിടുന്നൂ
മാതാവേകിയോരുപഹാരമൊക്കെയും
വിറ്റുതുലച്ച് മദിച്ചീടുന്നിതാ മർത്യൻ
ഋതുക്കൾ തൻ ക്രമം തെറ്റിടാതെ
വസന്ത, ഗ്രീഷ്മ, വർഷ, ശരത്, ഹേമന്ത,
ശിശിരമായ് നമുക്കേകിയതെല്ലാം
ക്രമരഹിതമായ്‌ത്തീർന്നതും ചെയ്തികൾമൂലം
ഋതുക്കൾ വിരിച്ചൊരാശോഭയാലേറ്റം
സുന്ദരമായിരുന്നിക്കൊച്ചുകേരളവുമൊരുനാൾ
കേരവൃക്ഷങ്ങൾ നിറഞ്ഞൊരെൻ നാട്ടിലിന്ന്
മലയും, പുഴയും, കേരനിരകളും, വയലേലകളുമോർമ്മയായ്
പച്ചപുതച്ചൊരെൻ വയലുകളൊക്കെയും നികത്തി
അംബര ചുംബികളാം സൗധങ്ങൾ തീർത്തൂ
ഭൂമിയെ സംരക്ഷിച്ചീടുവാനായ് പൂർവികർ
നട്ടുനനച്ചു വളർത്തിയ വൃക്ഷ കുലമാകെത്തകർത്തൂ
ഇവിടെത്തുടങ്ങുന്നൂ ഭൂമിതൻപതനം
ആവാസവ്യവസ്ഥിതിയൊന്നാകെത്തകിടം മറിഞ്ഞു
കാലംതെറ്റിപ്പെയ്തൊരാ വർഷവും
പ്രളയമായ്, പേമാരിയായുരുൾപൊട്ടലായ്!
ഭൂമിക്കു ഭാരമാം കോട്ടകളനവധി പെരുകവേ
പിളർന്നിടുന്നൂ വറ്റിവരണ്ട ഭൂമി കമ്പനമായ്
അടിഞ്ഞിടുന്നൂ ഭൂമിയിലിന്നാകവേ
ആശാനിരാശകൾ തൻ രോദ നങ്ങൾ
ഇനിയും കണ്ണുതുറന്നില്ലയെന്നാകിൽ
അന്ധകാരം ഭൂമിയെയൊന്നാകെ വിഴുങ്ങീടും
ഇവിടെയീനർത്തന വേദിയിങ്കൽ തുടങ്ങിടുന്നൂ
സർവ്വം സഹയാം ഭൂമിതൻ സംഹാരതാണ്ഡവം!
By,
Aneesha Sahad